''ശ്രീനിവാസന്റെ 'ചിന്താവിഷ്ടയായ ശ്യാമള' തമിഴിലെടുക്കാന്‍ നിര്‍ദേശമുണ്ടായപ്പോള്‍ ഞാനതിനു തയ്യാറാകാതിരുന്നതാണ്. മലയാളത്തില്‍ കണ്ടാല്‍ ഇഷ്ടമാകുന്ന സിനിമകള്‍ മുഴുവന്‍ തമിഴിലെടുക്കാനാവില്ല. തമിഴ് പ്രേക്ഷകര്‍ അതു സ്വീകരിക്കില്ല''- പദ്‌മശ്രീ ബഹുമതി നേടിയ തമിഴ് ഹാസ്യതാരം വിവേക്
മുണ്ടിന്റെ തുമ്പ് ഇടതു കൈകൊണ്ട് പിടിച്ച്, പച്ചപ്പിനിടയിലൂടെ നടക്കുമ്പോള്‍ വിവേകിന്റെ കമന്റ്: ''അടടാ....എന്നെ തനി മലയാളക്കാരനാക്കിക്കളഞ്ഞല്ലോ....'' ഫോട്ടോഗ്രാഫര്‍ക്കു വേണ്ടിയായിരുന്നു ഇലകള്‍ക്കും പൂക്കള്‍ക്കുമിടയിലൂടെ മുണ്ടുടുത്തുകൊണ്ടുള്ള ഈ ചുവടുവെപ്പ്. ''അല്ലെങ്കിലുംഒരു മുറിക്കുള്ളില്‍ അടച്ചിട്ടിരുന്ന് സംസാരിക്കുന്നതില്‍ എനിക്ക് താല്‌പര്യമില്ല. ഈ വൈകുന്നേരം, ഇങ്ങനെ തുറസ്സായൊരിടത്ത് നടന്നുകൊണ്ടു വര്‍ത്തമാനം പറയുന്നതില്‍ പ്രത്യേകമൊരു സന്തോഷമുണ്ട്....''വേറിട്ടൊരു ശൈലിയിലൂടെ തമിഴ്‌സിനിമയിലെ ഹാസ്യത്തിന് സംസ്‌കാരത്തിന്റെ പുത്തന്‍ മാനം നല്‍കിയ വിവേക് മുന്നില്‍ നടക്കുമ്പോള്‍,താരജാടയെക്കുറിച്ചുള്ള ധാരണകളൊക്കെ പൊളിഞ്ഞുവീഴുന്നു. രണ്ടോമൂന്നോ ചിത്രങ്ങളില്‍ മുഖം കാട്ടിയവര്‍പോലും താരരാജാക്കന്മാരാകുന്ന കാലത്ത്, മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച് തമിഴിലെ ഏറ്റവും വിലകൂടിയ ഹാസ്യതാരമായി മാറിയ വിവേകിന്റെ പെരുമാറ്റം വിസ്‌മയിപ്പിക്കുന്നു. കണ്ണില്‍ കുസൃതിയും മുഖത്ത് കുട്ടിത്തവും നിറച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ സംസാരം. അപ്പോള്‍ അദ്ദേഹത്തിന് വെള്ളിത്തിരയില്‍ കാണുമ്പോഴത്തേതിനേക്കാള്‍ പ്രായം കുറവ്.സദാ ചിരിക്കാനും ചിരിപ്പിക്കാനുമുള്ള മനസ്സാവാം കാരണം.തമിഴ്‌സിനിമയിലെ ഈ ചിരിക്കും സുന്ദരന്‍ മലയാളികള്‍ക്കും പ്രിയങ്കരന്‍. കേരളത്തില്‍ ഒട്ടേറെ സിനിമകളുടെ ചിത്രീകരണത്തിനെത്തിയിട്ടുണ്ടെങ്കിലും കോഴിക്കോടിന്റെ ആതിഥ്യമറിഞ്ഞ്, ഈ നഗരത്തില്‍ അന്തിയുറങ്ങുന്നത് ആദ്യം.
''കോഴിക്കോടിനെന്താ വ്യത്യാസം, ചെന്നൈ പോലെ തന്നെയുണ്ട്....'' ചൂടിന്റെ കാഠിന്യം വെച്ചാണീ താരതമ്യം. പദ്‌മശ്രീയുടെ തിളക്കത്തിനുശേഷം മലയാളനാട്ടിലെത്തിയ വിവേക് മനസ്സുതുറക്കുകയാണിവിടെ.അഭിമാനകരമായ പുരസ്‌കാരലബ്ധിയെപ്പറ്റി,വന്ന വഴികളെപ്പറ്റി, സിനിമയെപ്പറ്റി, രാഷ്ട്രീയത്തെപ്പറ്റി, മധുരത്തമിഴരെപ്പറ്റി,മലയാളത്തെപ്പറ്റി.......
തമിഴ്‌സിനിമയില്‍ മധുരയുടെ പ്രാധാന്യത്തെക്കുറിച്ച് പുറംലോകം നന്നായി മനസ്സിലാക്കിയ നാളുകളാണല്ലോ ഇത്. മധുരക്കാരനെന്ന നിലയില്‍ എന്തു പറയുന്നു?
മധുരയ്‌ക്ക് എക്കാലത്തും തമിഴ് സിനിമാരംഗത്ത് പ്രസക്തിയും പ്രാധാന്യവുമുണ്ടായിരുന്നു. ട്രെന്‍ഡ് സെറ്റര്‍മാരായി അറിയപ്പെട്ട സംവിധായകര്‍ വന്ന നാടാണത്. യാഥാര്‍ഥ്യബോധമുള്ള സിനിമകളിലൂടെ സാധാരണ മനുഷ്യരുടെ ജീവിതങ്ങള്‍ അവതരിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. ഇതു ഞങ്ങളുടെ കഥയെന്ന തോന്നല്‍ ആ സിനിമ കാണുമ്പോള്‍ സാധാരണ പ്രേക്ഷകര്‍ക്കുണ്ടാവുന്നു. ഫോര്‍മുലകള്‍ക്കനുസരിച്ച് നിര്‍മിക്കാത്ത സിനിമകളും വിജയിപ്പിക്കാനാവുമെന്നു തെളിയിച്ചവരാണ് മധുരയില്‍ നിന്നുള്ള സംവിധായകര്‍.
'സുബ്രഹ്മണ്യപുരം' പോലുള്ള സിനിമകള്‍ അക്രമോത്സുകതയെ വാഴ്‌ത്തുന്നു എന്നൊരാക്ഷേപം ഉയര്‍ന്നിട്ടുണ്ട്.പകയും പ്രതികാരവും മധുരയിലെ ജനങ്ങള്‍ക്ക് രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു എന്നും കേട്ടിട്ടുണ്ട്. ഈ പ്രചാരണത്തില്‍ എത്രത്തോളം ശരിയുണ്ട്?
മധുരക്കാര്‍ കുഞ്ഞുങ്ങളെപ്പോലെയാണ്. ഇഷ്ടമാകാത്ത കാര്യങ്ങളോട് കുഞ്ഞുങ്ങള്‍ പലപ്പോഴും രൂക്ഷമായാണ് പ്രതികരിക്കുക. അവര്‍ സാധനങ്ങള്‍ എറിഞ്ഞുടച്ചുകൊണ്ടാണ് പ്രതിഷേധം പ്രകടിപ്പിക്കുക. അതുകൊണ്ട്, കുഞ്ഞുങ്ങളെ അക്രമകാരികളാണെന്ന് ആരെങ്കിലും പറയുമോ? നാട്യങ്ങളില്ലാതെ പെരുമാറുന്നവരായതിനാലാണ് മധുരക്കാരെക്കുറിച്ച് ഇപ്രകാരമൊരു പ്രചാരണം ഉണ്ടായത്. ഉള്ളില്‍ത്തോന്നുന്നത് അവര്‍ അതുപോലെ പ്രകടിപ്പിക്കും.
അത്തരമൊരിടത്തു നിന്ന് വന്ന് കോമഡിയില്‍ വിജയിക്കാന്‍ കഴിഞ്ഞതെങ്ങനെ?
വികാരങ്ങള്‍ തോന്നുന്ന മട്ടില്‍ പ്രകടിപ്പിച്ചാല്‍ പലയിടത്തും പരാജിതരാകും. സിനിമയില്‍ പലപ്പോഴും നമുക്ക് തോന്നുന്ന മട്ടില്‍ പെരുമാറാന്‍ പറ്റിയെന്നിരിക്കില്ല. വൈകാരികമായി പ്രതികരിക്കുന്ന സ്വഭാവമുള്ള മധുരക്കാരന്‍ തന്നെയാണ് ഞാനും. പക്ഷേ, സിനിമയ്‌ക്കു വേണ്ടി നന്നായി സ്വയം നിയന്ത്രണം ശീലിച്ചു. ഇപ്പോള്‍, ഞാനിവിടെ കോഴിക്കോട്ടു വന്നു. നിങ്ങള്‍ക്ക് എന്നെ ഇന്‍ര്‍വ്യൂ ചെയ്യണം. ഞാനെന്തിന് ഇന്‍ര്‍വ്യൂവിന് നിന്നുകൊടുക്കണമെന്ന് എനിക്കു ചോദിക്കാം. ഞാനിവിടെ വന്നിരിക്കുന്നത് അതിനല്ലല്ലോ എന്നു പറയാം. ഞാന്‍ നിങ്ങളെ ശല്യം ചെയ്യുന്നില്ലല്ലോ; നിങ്ങള്‍ എന്നെയും ശല്യം ചെയ്യരുത് എന്ന നിലപാടെടുക്കാം. ക്ഷീണിതനാണ്,വിശ്രമിക്കണമെന്നു പറഞ്ഞൊഴിയാം. പക്ഷേ, സിനിമയിലുള്ളൊരാളെന്ന നിലയ്‌ക്ക് ഞാനങ്ങനെ പെരുമാറുന്നില്ല. (കുസൃതിച്ചിരിയോടെ)പത്രങ്ങള്‍ ഫോര്‍ത്ത് എസ്‌റ്റേറ്റാണ് , എനിക്കു സ്വന്തമായൊരു എസ്‌റ്റേറ്റ് ഇല്ലെങ്കില്‍ക്കൂടി ഫോര്‍ത്ത് എസ്‌റ്റേറ്റിനെ ബഹുമാനിക്കേണ്ടതുണ്ട് എന്നു കരുതി നിങ്ങള്‍ക്കുമുന്നില്‍ വരുന്നു. ഇങ്ങനെ, പല തരത്തില്‍ സ്വഭാവത്തെ മാറ്റിയാണ് സിനിമയില്‍ നിലനില്‍ക്കുന്നത്.
സാധാരണ തമിഴ്‌കൊമേഡിയന്മാരുടെ ശാരീരികസവിശേഷതകളൊന്നുമില്ല വിവേകിന്. ചോക്ലേറ്റ്‌നായകനാവാനുള്ള ശരീരവും മുഖവുമാണ് താങ്കളുടേത്. ശാരീരികമായ ഇത്തരം ഘടകങ്ങള്‍ കരിയറില്‍ എന്തു സ്വാധീനമാണു സൃഷ്ടിച്ചത്?
വലിയ പോരാട്ടമാണ് നടത്തേണ്ടി വന്നത്. ഞാന്‍ സിനിമയില്‍ വരുന്ന കാലത്ത് കൗണ്ടമണിയും സെന്തിലുമാണ് ഹാസ്യരാജാക്കന്മാര്‍. അതിനു കീഴില്‍ ചിലരൊക്കെ മെല്ലെമെല്ലെ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു.എന്റെ ശരീരവും മുഖവുമൊന്നും അന്നു നിലനില്‍ക്കുന്ന തരം കോമഡി അവതരിപ്പിക്കാന്‍ തീരേ പറ്റുന്നതായിരുന്നില്ല. മറ്റുള്ളവരാല്‍ അപഹസിക്കപ്പെടുന്ന, മണ്ടനാക്കപ്പെടുന്ന തരം സംഗതികള്‍ അവതരിപ്പിച്ചാല്‍ ആളുകള്‍ അത് സ്വീകരിക്കുമോ എന്നു ശങ്കയുണ്ടായിരുന്നു. പോരാത്തതിന് വിദ്യാഭ്യാസവും ജോലിയുമൊക്കെ കാരണമുണ്ടായിരുന്ന ആത്മാഭിമാനബോധവും തനിക്കോമാളി വേഷങ്ങള്‍ക്ക് തടസ്സമായിരുന്നു. (എം.കോം, ബി.എല്‍. ബിരുദങ്ങള്‍ നേടിയ വിവേക് സെക്രട്ടേറിയറ്റില്‍ ധനകാര്യവകുപ്പില്‍ അസി.സെക്‌ഷന്‍ ഓഫീസറായിരുന്നു).അതുകൊണ്ട്, ഞാന്‍ എന്റെ സ്വന്തം വഴി കണ്ടെത്തേണ്ടതുണ്ടായിരുന്നു.1987 മുതല്‍ 96 വരെയുള്ള കാലം ശരിക്കും പോരാട്ടങ്ങളുടേതായിരുന്നു. അഭിനയിച്ചാല്‍ മാത്രം പോരാ. അഭിനയത്തിനും സിനിമ തിയേറ്ററിലെത്തുന്നതിനുമിടയില്‍ എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും കഴിയില്ല. സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പലതരം ആളുകളെ ബോധ്യപ്പെടുത്തുകയെന്നതുതന്നെ വലിയ പോരാട്ടമാണ്.അതൊക്കെ കടന്ന്, വെട്ടിപ്പോകാതെ പ്രേക്ഷകര്‍ക്കുമുന്നിലെത്തിയായല്ലേ അവര്‍ക്ക് എന്റെ ശൈലി സ്വീകാര്യമാണോ അല്ലയോ എന്നു മനസ്സിലാവൂ....
ഇപ്പോള്‍ തമിഴിലെ ഏറ്റവും വിലയേറിയ ഹാസ്യതാരങ്ങളിലൊരാളാണ് വിവേക്. തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലും താങ്കളുടെ ശൈലിക്ക് ആരാധകരുണ്ട്. പ്രത്യേകിച്ചേതെങ്കിലും താരത്തിന്റെ ശൈലിയോട് കൂടുതല്‍ ആഭിമുഖ്യമുണ്ടോ? ശിവാജി ഗണേശനെപ്പോലുള്ള ഇതിഹാസതാരങ്ങളുടെ നെടുങ്കന്‍ ഡയലോഗുകള്‍ താങ്കള്‍ സ്വന്തം ശൈലിയില്‍ അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്...ശൈലികളുടെ ആരാധകനാണ് ഞാന്‍. എല്ലാ വലിയ നടന്മാരുടെയും ശൈലികള്‍ ഇഷ്ടമാണ്. ശൈലീകൃതമായ അഭിനയത്തിലൂടെയാണ് എന്റെ ഹാസ്യം ജനങ്ങളിലെത്തിക്കാനായത്. മുഖ്യമന്ത്രി കലൈഞ്‌ജര്‍ കരുണാനിധി എഴുതിയ ഡയലോഗുകള്‍ ഞാന്‍ എന്റെ രീതിയില്‍ മാറ്റി 'പാളയത്തമ്മന്‍' എന്ന ചിത്രത്തില്‍ ഒരു കോടതി രംഗത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. അത് നന്നായെന്ന് പലരും പറയുകയുണ്ടായി. ഒറിജിനല്‍ഡയലോഗ് എഴുതിയ കലൈഞ്‌ജര്‍തന്നെ അഭിനന്ദിച്ചു.
സുബ്രഹ്മണ്യഭാരതിയുടെ ആദര്‍ശങ്ങളോടും തമിഴ് സംസ്‌കാരത്തിന്റെ മഹിമകളോടും കൂറുള്ള കഥാപാത്രങ്ങളെയും അവതരിപ്പിച്ചു കണ്ടിട്ടുണ്ട്....തമിള്‍കിറുക്കന്‍ എന്നൊരു കഥാപാത്രം ഉദാഹരണം....
'അള്ളിത്തന്ത വാനം' എന്ന സിനിമയിലാണത്. നല്ലതിലേക്ക് ആളുകളെ പ്രേരിപ്പിക്കാന്‍ ഹാസ്യം കൊണ്ട് കഴിയണമെന്നാണെന്റെ ആഗ്രഹം. അതിനാണ് ശ്രമം. വെറുതെ നോരംകൊല്ലാനുള്ള തമാശയെന്നതിലുപരി എന്തെങ്കിലുമൊരു സന്ദേശം നല്‍കാന്‍ശ്രമിക്കുന്ന കൊമേഡിയനായതിനാലാണ് തമിഴ്‌മക്കള്‍ എന്നെ ചിന്നകലൈവാണര്‍ എന്നുവിളിക്കുന്നത്. നേരത്തെ, ഇത്തരത്തില്‍, ഹാസ്യം ജനങ്ങളെ ബോധവത്‌കരിക്കാനുപയോഗപ്പെടുത്തിയ കലാകാരനാണ് കലൈവാണര്‍ എന്‍.എസ്.കൃഷ്‌ണന്‍. ഇത്തരം കാര്യങ്ങള്‍ പരിഗണിച്ച് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാം എനിക്ക് അഭിനന്ദനക്കത്തു നല്‍കുകയുമുണ്ടായി.
അത്തരത്തില്‍ ജനങ്ങളെ സ്വാധീനിക്കുന്നതു കൂടി പരിഗണിച്ചാണോ താങ്കള്‍ക്ക് പദ്‌മശ്രീ ബഹുമതി ലഭിച്ചത്? ഒരു കൊമേഡിയനെ സംബന്ധിച്ച് വലിയ ബഹുമതിയല്ലേ ഈ അംഗീകാരം?
തീര്‍ച്ചയായും. റഹ്‌മാന് ലഭിച്ച ഇരട്ട ഓസ്‌കര്‍ പോലെയാണ് ഞാനെന്റെ പദ്‌മശ്രീയെ വിലമതിക്കുന്നത്. എനിക്കു കിട്ടിയ വലിയ കിരീടവും കിരീടത്തിലെ വിലപിടിച്ച രത്‌നവുമാണത്.തമിഴ്‌സിനിമയില്‍ കമലഹാസനു ശേഷം പദ്‌മശ്രീ ലഭിക്കുന്ന നടനാണ് ഞാനെന്നതില്‍ അഭിമാനമുണ്ട്. 15 വര്‍ഷം മുമ്പാണ് അദ്ദേത്തിനു ബഹുമതി ലഭിച്ചത്. മലയാളത്തില്‍ നിന്ന് തിലകനെപ്പോലെ വളരെ സീനിയറായ നടനാണ് ഈ വര്‍ഷം ഈ ബഹുമതി കിട്ടിയത്.അദ്ദേഹത്തോടൊപ്പം പരിഗണിക്കപ്പെടുന്നു എന്നതിലും സന്തോഷമുണ്ട്.
താങ്കള്‍ക്ക് ഈ പുരസ്‌കാരം കിട്ടുന്നത് സിനിമയില്‍ ഹാസ്യം അവതരിപ്പിക്കുന്നവര്‍ക്കുള്ള അംഗീകാരമായി കണക്കാക്കാന്‍ കഴിയുമോ?
സിനിമയുടെ വിജയത്തിനു വലിയൊരളവില്‍ കൊമേഡിയന്മാര്‍ സഹായിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് അതിനുള്ള അംഗീകാരം ലഭിക്കാറില്ലെന്നതാണ് സത്യം. ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ സഹനടനുള്ള അവാര്‍ഡിനുപോലും ഹാസ്യതാരങ്ങളെ പരിഗണിക്കാറില്ല. ലോകത്തെങ്ങും ഹാസ്യതാരങ്ങളെ നല്ല നടന്മാരായി അംഗീകരിക്കുന്നുണ്ട്. അവര്‍ ഭരണാധികാരികളാകുന്നു പോലുമുണ്ട്. ചാര്‍ലിചാപ്ലിനെ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കൊച്ചുകുഞ്ഞുങ്ങള്‍ക്കുപോലും അറിയാമെന്നത് ഹാസ്യത്തിന്റെ സ്വാധീനത്തിന്റെ തെളിവാണ്. എനിക്കുകിട്ടിയ പദ്‌മശ്രീ പുരസ്‌കാരം മാറ്റത്തിന്റെ സൂചനയാണെങ്കില്‍ നല്ലതുതന്നെ. ഹാസ്യതാരങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കണമെന്ന് വര്‍ഷങ്ങളായി കിട്ടുന്ന വേദിയിലൊക്കെ ഞാന്‍ ആവശ്യപ്പെടുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ്,ഫിലിംഫെയര്‍ അവാര്‍ഡ് വിതരണച്ചടങ്ങില്‍ ഞാനിക്കാര്യം പറഞ്ഞു. പിറ്റേ വര്‍ഷം മുതല്‍ അവര്‍ ഹാസ്യതാരത്തിനും അവാര്‍ഡ് ഏര്‍പ്പെടുത്തി. തുടര്‍ച്ചയായി മൂന്നുവര്‍ഷം അതെനിക്കു തന്നെ കിട്ടുകയും ചെയ്‌തു. (വീണ്ടും ചിരി)
'സുബ്രഹ്മണ്യപുര'വും 'പരുത്തിവീരനും' 'നാന്‍കടവുളും' പോലുള്ള സിനിമകള്‍ ഹാസ്യത്തിന്റെ കാര്യമായ സഹായമില്ലാതെ തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചില്ലേ? അപ്പോള്‍ ഹാസ്യമെന്നത് സിനിമയുടെ വിജയത്തിന് അനിവാര്യമായൊരു ഘടകമാണോ? തീര്‍ച്ചയായും ആണ്. 'സുബ്രഹ്മണ്യപുര'ത്തില്‍ ഹാസ്യമില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും? 'കണ്‍കളിരണ്ടാല്‍' എന്ന ഗാനത്തിലെ രംഗങ്ങളിലൊക്കെ ആളുകളെ ചിരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഏറെയുണ്ട്. ഒട്ടും വിനോദിപ്പിക്കാതിരുന്നാല്‍ ആളുകള്‍ സിനിമ സ്വീകരിക്കില്ല. എത്ര പ്രഗല്‌ഭനായ സംവിധായകനാണ് ബാല. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'നാന്‍ കടവുള്‍' പ്രേക്ഷകര്‍ വേണ്ടത്ര സ്വീകരിക്കാതിരുന്നതെന്തുകൊണ്ടാണ്? വിനോദാംശം തീരെയില്ല അതില്‍. ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും കടുപ്പമേറിയ കാഴ്‌ചകള്‍ സഹിക്കാനാവാത്തത്രയുണ്ട് ആ സിനിമയില്‍. ഇത്രയും കൂടിയ അളവില്‍ അതൊക്കെ സഹിക്കാന്‍ പ്രേക്ഷകര്‍ക്ക് പ്രയാസമാണ്......അതുകൊണ്ടാണ് പറയുന്നത്, തീരേ വിനോദിപ്പിക്കാതിരുന്നാല്‍ സിനിമ വാണിജ്യപരമായി വിജയിക്കില്ല. വാണിജ്യവിജയം വളരെ പ്രധാനമാണെന്നതിനാല്‍, ഹാസ്യത്തിനും ഹാസ്യതാരങ്ങള്‍ക്കും പ്രസക്തി ഒരിക്കലും കുറയുന്നില്ല.
'നാന്‍ കടവുള്‍' പ്രേക്ഷകര്‍ നിരാകരിച്ചു എന്നാണോ താങ്കള്‍ പറയുന്നത്? അതിലെ പാട്ടുകള്‍ ഹിറ്റാണെന്നു കേട്ടിരുന്നല്ലോ....?
ഇളയരാജയുടെ സംഗീതത്തില്‍ പാട്ടുകള്‍ നന്നായിട്ടുണ്ട്. പക്ഷേ, അത് ദൃശ്യവല്‌ക്കരിച്ചിരിക്കുന്നത് എത്ര മോശമായിട്ടാണ്.....പ്രയാസം തോന്നിക്കുന്ന ദൃശ്യങ്ങള്‍കൊണ്ട് നിറച്ചിരിക്കുന്നതിനാല്‍ ആളുകള്‍ക്ക് അതു കാണുന്നത് അസഹനീയമായിരിക്കുന്നു.
തിരഞ്ഞെടുപ്പു കാലമാണല്ലോ....തമിഴ്‌നാട്ടില്‍ സിനിമക്കാരില്‍ നിന്നാണല്ലോ നേതാക്കല്‍ മിക്കവരും....താങ്കള്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ താല്‌പര്യമുണ്ടോ?
എല്ലാ രാഷ്ട്രീയക്കാരുമായും നല്ല ബന്ധമാണ് ഞാന്‍ സൂക്ഷിക്കുന്നത്. ഏതെങ്കിലുമൊരു പ്രത്യേകകക്ഷിയുടെ ഭാഗമായിക്കഴിഞ്ഞാല്‍, ആ ബന്ധം സൂക്ഷിക്കാന്‍ കഴിയില്ല.ഇപ്പോള്‍ എനിക്ക് സിനിമയില്‍ നല്ല തിരക്കുണ്ട്.അതും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴച്ചാല്‍ രണ്ടിനോടും നീതി കാട്ടാനാവാതെ വരും. സിനിമക്കാര്‍ രാഷ്ട്രീയത്തില്‍ വരുന്നതില്‍ തെറ്റില്ല. ജനങ്ങള്‍ക്ക് ചിരകാലപരിചയമുള്ളവരാണല്ലോ അവര്‍. വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തില്‍ നിന്നൊഴിഞ്ഞു നില്‍ക്കുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. നല്ലവര്‍ വന്നില്ലെങ്കില്‍, ആ സ്ഥാനത്ത് വല്ലവരും കയറിയിരിക്കും. അതുപോലെ, വോട്ടു ചെയ്യാതിരിക്കുന്നതും ശരിയല്ല. സുഹൃത്തുക്കളോടും ആരാധകരോടുമൊക്കെ, നിര്‍ബന്ധമായും വോട്ടുചെയ്യണമെന്നാണ് ഞാന്‍ പറയാറ്....
മലയാളത്തിലെ ജഗതി ശ്രീകുമാറിനെപ്പോലെയാണ് തമിഴില്‍ താങ്കളെന്ന് പലരും പറയാറുണ്ട്. മലയാള സിനിമയെക്കുറിച്ച് എന്താണഭിപ്രായം?
ജഗതിയെ ബഹുമാനമാണ്. മലയാള സിനിമകള്‍ കാണാറുണ്ട്. ഇവിടത്തെ പലരുമായും നല്ല ബന്ധമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീനിവാസന്‍, ദിലീപ് എന്നിവരുമായൊക്കെ...എന്റെ അഭിനയശൈലിയെക്കുറിച്ച് ശ്രീനിവാസനൊക്കെ നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്.
മലയാളത്തില്‍ നിന്നു കുറേ സിനിമകള്‍ തമിഴിലെത്തിയിട്ടുണ്ടല്ലോ...അവയെക്കുറിച്ചെന്തു തോന്നുന്നു?
മലയാളത്തിലെ എല്ലാ സിനിമകളും തമിഴില്‍ വന്നാല്‍ ശരിയാകില്ല. മലയാളത്തില്‍ക്കണ്ടു രസിച്ചവര്‍തന്നെ, തമിഴിലെത്തുമ്പോള്‍, അയ്യോ, ശരിയായില്ലല്ലോ എന്നു പറയുന്നതാണ് അനുഭവം. ശ്രീനിവാസന്റെ 'ചിന്താവിഷ്ടയായ ശ്യാമള' തമിഴിലെടുക്കാന്‍ നിര്‍ദേശം വന്നിരുന്നു. അത് തമിഴിന് എത്രത്തോളം ചേരുമെന്ന ശങ്കയില്‍, ഞാന്‍ തയ്യാറാകാതിരുന്നതാണ്.
'വടക്കുനോക്കിയന്ത്ര'ത്തിന്റെ തമിഴായ 'ദിണ്ടിക്കല്‍ സാരഥി' പ്രേക്ഷകര്‍ സ്വീകരിച്ചില്ലെന്നാണോ?
'ദിണ്ടിക്കല്‍ സാരഥി' മാത്രമല്ല. 'കുസേല'നും അതു തന്നെ അനുഭവം. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുണ്ടായിട്ടും സിനിമ പ്രതീക്ഷിച്ചപോലെ സ്വീകരിക്കപ്പെട്ടില്ല. ''തലൈവരുണ്ടായിട്ടും ഫൈറ്റില്ലല്ലോ'' എന്നാണ് തമിഴ് മക്കള്‍ പറയുക. അതുകൊണ്ട്, മലയാളത്തില്‍ വിജയിക്കുന്നതൊക്കെ തമിഴിലാക്കിയാല്‍ സ്വീകരിക്കപ്പെടണമെന്നില്ല.
മലയാളത്തിലേക്കു വരുമോ?
എന്റെ ഭാഷകൊണ്ടുതന്നെ ഞാനിപ്പോള്‍ സന്തുഷ്ടനാണ്.
ഒരുവിധം താരങ്ങള്‍ക്കൊപ്പമൊക്കെ അഭിനയിച്ചുവല്ലോ...ഏറ്റവും പൊരുത്തം ആരുമായിട്ടാണെന്നു പറയാമോ? അങ്ങനെ ഒരാളെ മാത്രം പ്രത്യേകിച്ചുപറയാനാവില്ല. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ കൂടെ മുതല്‍ യുവനായകനായ ധനുഷിന്റെ കൂടെ വരെ അഭിനയിച്ചിട്ടുണ്ട്. 21 വര്‍ഷം കൊണ്ട് 300 സിനിമകളായിക്കഴിഞ്ഞു. കമലഹാസന്റെ കൂടെ മാത്രം അഭിനയിച്ചില്ലെന്നൊരു വിഷമമുണ്ട്.
അതെന്താ?
അതെന്താണെന്ന് എനിക്കും അറിയില്ല. അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അദ്ദേഹത്തെക്കുറിച്ച് നല്ല വാക്കുകള്‍ പറയുന്നുണ്ട്. അദ്ദേഹത്തിനുശേഷം പദ്‌മശ്രീ കിട്ടിയ തമിഴ് നടനാണു ഞാനെന്നു നേരത്തെ പറഞ്ഞല്ലോ. എങ്കിലും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചില്ല. ചിലപ്പോള്‍ മഹാന്മാര്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാനാവില്ലായിരിക്കും....(ചിരിക്കുന്നു)
നല്ല നിരീക്ഷണവും വായനയുമുണ്ട് താങ്കള്‍ക്കെന്ന് സിനിമകള്‍ കാണുമ്പോള്‍ തോന്നാറുണ്ട്...പ്രത്യേകിച്ച് ഗൃഹപാഠങ്ങളെന്തെങ്കിലും ചെയ്യാറുണ്ടോ, അതോ സംവിധായകന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകമാത്രമോ?
സംവിധായകന്‍ തന്നെയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. എന്റെ കഥാപാത്രമേതെന്നും കഥാസന്ദര്‍ഭമേതെന്നും അറിഞ്ഞുകഴിഞ്ഞാല്‍, എന്റെ സ്‌ക്രിപ്‌റ്റ് ഞാന്‍തന്നെ എഴുതുകയാണ്...
എല്ലാത്തിലും അങ്ങനെയാണോ? 'പഠിക്കാത്തവനി'ലെ അസാള്‍ട്ട്‌ആറുമുഖത്തിനു വിവേകിന്റെ സാധാരണ കാണാത്തൊരു പ്രകൃതമാണല്ലോ....വിജയകാന്തിനെപ്പോലുള്ള ചലനം, അതിസാവധാനത്തിലുള്ള സംഭാഷണം.....
അതെ...'പഠിക്കാത്തവനി'ലെ കഥാപാത്രം എന്റെ ശൈലിയില്‍ നിന്നു വ്യത്യാസമുള്ളതാണ്. സംവിധായകന്‍ സുരാജാണ് അത് അങ്ങനെ വേണമെന്ന് നിര്‍ദേശിച്ചത്.
സാധാരണ മിക്കസിനിമകളിലും ചിരിയിലൂടെ ജനങ്ങളെ ബോധവത്‌ക്കരിക്കാനുള്ള ശ്രമങ്ങള്‍ കാണാറുണ്ട്....തുടര്‍ച്ചയായുള്ള നിരീക്ഷണങ്ങളും വായനയും ഇതിന് അത്യാവശ്യമാണ്.ജനങ്ങളുമായുള്ള കണക്ടിവിറ്റി നഷ്ടപ്പെടാതിരിക്കുകയെന്നതാണ് പ്രധാനം. താരമായി ഏ.സി.മുറികളിലും ആഡംബരവാഹനങ്ങളിലും കഴിഞ്ഞാല്‍, ഈ കണക്ടിവിറ്റി നഷ്ടപ്പെടും. അതുകൊണ്ട്, നിരീക്ഷണവും വായനയും ഇല്ലാതെ കഴിയില്ല.
ഈ തിരക്കില്‍ വായനയ്‌ക്ക് സമയം കിട്ടുന്നതെങ്ങനെ?
അതൊരു പ്രശ്‌നം തന്നെയാണ്. യാത്രകളിലാണ് വായന ഏറെയും.
മറ്റ് ഇഷ്ടങ്ങളെന്തൊക്കെ?
സംഗീതം വളരെ ഇഷ്ടമാണ്. യാത്രകളിലാണ് ആ ഇഷ്ടവും സാധിക്കുന്നത്.
വളരെ ചെറുപ്പമായി തോന്നുന്നു....എന്താണിതിന്റെ രഹസ്യം?
കൃത്യമായി യോഗ ചെയ്യും. ജിമ്മിലും പോകും.
അടുത്ത സിനിമകള്‍?
'ഗുരു എന്‍ ആള് 'എന്ന സിനിമയാണ് പുറത്തിറങ്ങാനുള്ളത്. മാധവനാണ് അതില്‍ നായകന്‍.പിന്നൊന്ന് ഗജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'മകനേ മരുമകനേ' ആണ്. അത് ഫുള്‍കോമഡിയാണ്. അതില്‍ ടൈറ്റില്‍റോളാണ് ഞാന്‍ ചെയ്യുന്നത്.
നായകനാവുന്ന ആദ്യസിനിമയാണോ അത്?
അല്ലല്ല. നേരത്തെ ഒന്നു ചെയ്‌തിട്ടുണ്ട്. അതെന്തോ ഇതുവരെ തിയേറ്ററിലെത്തിയിട്ടില്ല
അജിത്‌കുമാര്‍. കെ. കെ